കേരളത്തിലെ നാട്ടുരാജ്യങ്ങള്‍

കുലശേഖര സാമ്രാജ്യത്തിന്റെ അധ:പതനത്തെ തുടര്‍ന്ന്(1102) നാടിന്റെ നാനാഭാഗങ്ങളിലായി അനേകം സ്വതന്ത്രനാട്ടുരാജ്യങ്ങള്‍ പിറവിയെടുത്തു. ഇവയില്‍ രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും മുന്നിട്ടുനിന്നിരുന്ന ശക്തികള്‍ വേണാട്, കോലത്തുനാട്, കോഴിക്കോട്, കൊച്ചി എന്നീ രാജ്യങ്ങള്‍ ആയിരുന്നു. മറ്റെല്ലാ നാട്ടുരാജ്യങ്ങളും അവിടത്തെ ഭരണാധികാരികളും മേല്‍ പറഞ്ഞ രാജ്യങ്ങളുടെ മേല്‍ക്കോയ്മ അംഗീകരിച്ചു കൊണ്ട് അവയുടെ നിയന്ത്രണത്തിലും ആശ്രയത്തിലും ആയിരുന്നു. എന്നാല്‍ കാലക്രമേണ ഉണ്ടാ‍യ രാഷ്ട്രീയ ധ്രുവീകരണത്തെ തുടര്‍ന്ന് കൊച്ചിയും കോലത്തുനാടും കോഴിക്കോട് സാമൂതിരിക്ക് വിധേയമായി . നായര്‍ മാടമ്പിമാര്‍, നമ്പൂതിരി പ്രഭുക്കന്‍മാര്‍ തുടങ്ങിയവര്‍ സ്വന്തം പ്രദേശങ്ങളില്‍ ആധിപത്യം സ്ഥാപിച്ച് അധികാരം ഉറപ്പിക്കാന്‍ തുടങ്ങി. അതുവരെ ക്ഷേത്രസംബന്ധമായ ഉത്തരവാദിത്തങ്ങളുണ്ടായിരുന്ന നമ്പൂതിരിമാര്‍ രാജ്യഭരണപരമായ കാര്യങ്ങളില്‍ അനിയന്ത്രിതമായ അധികാ‍രങ്ങള്‍ കൈയാളാന്‍ തുടങ്ങി. രാജാവിനുപോലും വിധേയരല്ലാത്ത ഇവര്‍ കുടിയാന്‍മാരുടെ മേല്‍ കൊല്ലും കൊലയും നടത്തിയിരുന്നു. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ എത്തുമ്പോള്‍ പരസ്പരവൈരവും അധികാരമത്സരവും കൊണ്ട് ശിഥിലമാ‍യ നാട്ടുരാജ്യങ്ങളും അതുകൊണ്ടുതന്നെ രാഷ്ട്രീയ ഐക്യം നഷ്ടപ്പെട്ട ഒരു കേരളവുമാണ് അവര്‍ക്ക് ഇവിടെ കാണാന്‍ കഴിഞ്ഞിരുന്നത്.
പെരുമ്പടപ്പു സ്വരൂപം
പെരുമ്പടപ്പു സ്വരൂപം, മാടരാജ്യം, ഗോശ്രീ രാജ്യം, കുരുസ്വരൂപം എന്നൊക്കെ അറിയപ്പെട്ടിരുന്ന കൊച്ചി രാജ്യം ഇന്നത്തെ കൊച്ചി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നതായിരുന്നു. പിന്നീട് കൊച്ചി രാജ്യം തിരുവിതാംകൂറിനോട് ചേര്‍ത്ത് തിരുക്കൊച്ചി രൂപീകൃതമായി.മഹോദയപുരത്തെ കുലശേഖരരാജാക്കന്‍മാരുടെ അമ്മ വഴിക്കുള്ള പിന്‍ ന്തുടര്‍ച്ചക്കാരാണ് പെരുമ്പടപ്പുസ്വരൂപമെന്നാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള അഭിപ്രായം. 13നാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ ഇവരുടെ ആസ്ഥാനം കൊച്ചിയിലേക്കു മാറ്റുകയുണ്ടായി.
എളയടത്തു സ്വരൂപം
വേണാട്ടു രാജവംശത്തിന്റെ ഒരു ശാഖയായിട്ടാ‍യിരുന്നു ഈ രാജവംശം ഉദ്ഭവിച്ചത്. കന്നേറ്റി മുതല്‍ തിരുവനന്തപുരം വരെയുള്ള കടല്‍ത്തീരപ്രദേശങ്ങളും, തിരുവനന്തപുരത്തിനു വടക്കുള്ള ഭുപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, അവിടെ ഭരണം നടത്തിയ ഒരു പുതിയ രാജവംശമായി എളയടത്തുസ്വരൂപം നിലവില്‍ വന്നു. നെടുമങ്ങാട്, കൊട്ടാരക്കര, പത്തനാപുരത്തിന്റെയും ചെങ്കോട്ടയുടെയും ചില ഭാഗങ്ങള്‍ എന്നിവ ഈ വംശത്തിന്റെ അധികാരപരിതിയില്‍ ഉള്‍പ്പെട്ടിരുന്നവയാണ്. കിളിമാനൂരിനടുത്തുള്ള ‘കുന്നുമ്മേല്‍’ ആയിരുന്നു ആദ്യം ഇവര്‍ തലസ്ഥാ‍നം സ്ഥാപിച്ചിരുന്നതെങ്കിലും പിന്നീട് അത് കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിച്ചു. 1742-ല്‍ മാര്‍ത്താണ്ഡ വര്‍മ്മ ഈ രാജ്യത്തെ തിരുവിതാംകൂറില്‍ ലയിപ്പിച്ചു. കഥകളിയുടെ പൂര്‍വരൂപമായിരുന്ന രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ പ്രസിദ്ധനായ കൊട്ടാരക്കര തമ്പുരാന്‍ ഈ സ്വരൂപത്തിന്റെ കൊട്ടാരക്കര ശാഖയിലെ അംഗമായിരുന്നു.

Comments