കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ part-2

ദേശിങ്ങനാട് സ്വരൂപം
ആറ്റിങ്ങലിനും കൊട്ടാരക്കരയ്ക്കുമിടയ്ക്കാണ് കൊല്ലം ആസ്ഥാനമാക്കി ദേശിംഗനാട് സ്ഥിതി ചെയ്തിരുന്നത്.കൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ജയസിംഹന്‍ എന്ന രാജാവിനോടുള്ള ആദരസൂചകമായിട്ടാണ് ജയസിംഹനാട് എന്ന പേര്‍ വന്നതെന്നും, പില്‍ക്കാലത്ത് അത് ദേശിങ്ങനാടെന്ന് ആയതാണെന്നും പറയപ്പെടുന്നു. മലയാള രേഖകളില്‍ ചേതങ്ങനാടെന്നും സംസ്‌കൃത കൃതികളില്‍ ജയസിംഹനാട് എന്നും കാണപ്പെടുന്നു.ഡച്ചുകാരുമായി കരാറുകളും ഇടപാടുകളും നടത്തിയിരുന്നത് ഈ വംശമാണ്. തിരുവിതാംകൂറുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന കായംകുളം കൊട്ടാ‍രത്തില്‍ നിന്നും, ഈ വംശം ദത്തെടുത്തതിന്റെ ഫലമായി മാര്‍ത്താണ്ഡവര്‍മ്മ ഈ രാജ്യവുമായി യുദ്ധം നടത്തി. കൊല്ലം രാജാവിന്റെ മരണശേഷം ദേശിങ്ങനാട് കായംകുളം രാജ്യത്തിന്റെ അധീനയിലായി. 1746-ല്‍ കായംകുളം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തപ്പോള്‍ ദേശിങ്ങനാടും തിരുവിതാംകൂറിന്റെ ഭാഗമായി മാറി.
ആറ്റിങ്ങല്‍ സ്വരൂപം
തിരുവന്തപുരം ജില്ലയിലെ ഇന്നത്തെ ചിറയിന്‍ കീഴ് താലൂക്കില്‍ പെട്ട എടക്കോട്, ഇളമ്പ, മുദാക്കല്‍, ആലങ്കോട്, അവനവഞ്ചേരി, ആറ്റിങ്ങള്‍, കീഴാറ്റിങ്ങല്‍ എന്നീ ഗ്രാമങ്ങള്‍ കൂടിചേര്‍ന്നതാണ് ഈ സ്വരൂപം. ആകെ പതിനായിരത്തോളം ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുണ്ടായിരുന്ന ഒരു ചെറിയ രാജ്യമായിരുന്നു ഈ സ്വരൂപം. പതിനാലാം നൂറ്റാണ്ടില്‍ വടക്കെമലബാറിലെ കോലത്തിരിരാജാവിന്റെ കൊട്ടാരത്തില്‍ നിന്നും രണ്‍ രാജകുമാരിമാ‍രെ ഉദയമാര്‍ത്താണ്ഡവര്‍മ്മ ദത്തെടുത്തു. അവരില്‍ മൂത്തറാണിക്ക് ആറ്റിങ്ങലും, ഇളയറാ‍ണിക്ക് കുന്നുമ്മേലും ഓരോ കൊട്ടാരങ്ങള്‍ പണിയിപ്പിച്ച് അവിടെ താമസിപ്പിച്ചു. അതിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ ഇവര്‍ക്കായി വിട്ടുകൊടുത്തു. അവിടെനിന്നും നികുതി പിരിക്കാനും സ്വന്തം ആവശ്യത്തിനായി വിനിയോഗിക്കാനുമുള്ള അധികാ‍രം അവര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്ക് പരമാധികാരം നല്‍കിയിരുന്നില്ല. ആറ്റിങ്ങല്‍ റാണിമാരുടെ ആണ്‍മക്കളാണ് പിന്നീട് ദേശിങ്ങനാട്ടും, തൃപ്പാപ്പൂര്‍ (വേണാട്) രാജാക്കന്മാരായി തിര്‍ന്നത്. റാണിമാര്‍ സ്വന്തം നിലയില്‍ വിദേശികളുമായി കരാറുണ്ടാക്കുവാനും, അമിതാധികാരം കയ്യാളാനും ആരംഭിച്ചതോടുകൂടി ഈ രാജ്യത്തെ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂറില്‍ ലയിപ്പിച്ചു.

Comments