കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ part-4

പുറക്കാട് രാജവംശം
യൂറോപ്യന്‍ രേഖകളിലെ പോര്‍ക്കയാണ് പുറക്കാട്. ചെമ്പകശ്ശേരി എന്നും ഈ രാജ്യം അറിയപ്പെടുന്നു. ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളാണ് ഈ രാജ്യത്തെ ഉള്‍പ്പെട്ടിരുന്നത്. ദേവനാരായണന്മാര്‍ എന്ന ബ്രഹ്മണരാജാക്കന്മാരാണ് ചെമ്പകശ്ശേരി വാണിരുന്നത്. കോട്ടയം താലൂക്കിലെ കുടമാളൂരാണ് ഇവരുടെ മൂലകുടുംബം. പോര്‍ച്ചുഗീസുകാരുമായി വളരെ മെച്ചപ്പെട്ട ബന്ധമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത് . ഡച്ച്, ഈസ്റ്റ് ഇന്ത്യാകമ്പനിയുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പുറക്കാട്ടരയന്റെ നേതൃത്വത്തിലുള്ള ഒരു നാവികപ്പട ഈ രാജ്യത്തിനുണ്ടാ‍യിരുന്നു. തിരുവിതാംകൂറുമായുള്ള യുദ്ധത്തില്‍ കായംകുളത്തെ സഹായിച്ചതിന്റെ പേരില്‍ 1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ ഈ രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു.
പന്തളം രാജവംശം
പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍,അടൂര്‍ താലൂക്കുകളുടെ ചില ഭാഗങ്ങള്‍ ചേര്‍ന്നതാണ് ഈ രാജ്യം.പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജ്യകുടുംബം എന്ന് വിശ്വസിക്കുന്നു.ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു.
തെക്കുംകൂര്‍ രാജവംശം
ഇന്നത്തെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തിരുവല്ല, കോട്ടയം താലൂക്കുകളും, മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗം, കോട്ടയം ജില്ലയിലെ ഹൈറേഞ്ച് ഇവ ചേര്‍ന്ന പണ്ടത്തെ വെമ്പൊലിനാടിന്‍ റ്റെ തെക്കന്‍ ഭാഗങ്ങളായിരുന്നു തെക്കുംകൂര്‍ രാജ്യം.
വടക്കുംകൂര്‍ ദേശം
പണ്ടത്തെ വെമ്പൊലിനാട് 1100-ല്‍ രണ്ട് ശാഖകളായി പിരിഞ്ഞതില്‍ ഒന്നാണ് വടക്കുംകൂര്‍ ദേശം. ഏറ്റുമാനൂര്‍ , വൈക്കം പ്രദേശങ്ങളും മീനച്ചില്‍ താലൂക്കിന്റെ ഒരു ഭാഗവും ഈ രാജ്യത്തിന്റെ ഭാഗങ്ങള്‍ ആ‍ണ്. ഇവരുടെ ആദ്യത്തെ രാജധാനി കടുത്തുരുത്തി ആയിരുന്നു. പിന്നീട് അത് വൈക്കത്തേക്ക് മാറ്റി. കാരിത്തോട് തലസ്ഥാനമായി (ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകള്‍ ഉള്‍പ്പെട്ടിരുന്ന ) ഉണ്ടായിരുന്ന കീഴ്മലനാട് വടക്കുംകൂറില്‍ ലയിച്ചതോടെ (1600) വേമ്പനാട്ടുകാ‍യല്‍ മുതല്‍ പാണ്ഡ്യരാജ്യത്തിന്റെ പശ്ചിമാതിര്‍ത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. തെക്ക് തെക്കുംകൂറും, വടക്ക് കോതമംഗലവുമായിരുന്നു അതിര്‍ത്തി. ഏറെകാലം പെരുമ്പടപ്പുസ്വരൂപത്തിന്റെ സാമാന്തരാജ്യമായിട്ടാ‍യിരുന്നു വടക്കുംകൂര്‍ നിലനിന്നുപോന്നത്. കായംകുളത്തെ സഹായിച്ചതിന്റെ പേരില്‍ ഈ രാജ്യം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കുകയും രാജാവ് കോഴിക്കോട് അഭയം പ്രാപിക്കുകയും ചെയ്തു (1750). പിന്നീട് അദ്ദേഹത്തെ മാര്‍ത്താണ്ഡവര്‍മ്മ അദ്ദേഹത്തെ അടിത്തൂണ്‍ നല്‍കി ആദരിച്ചു.
പൂഞ്ഞാര്‍ ദേശം
മധുര പാണ്ഡ്യവംശത്തില്‍പ്പെട്ട ഒരു രാജകുടുംബത്തിന്‍റ്റെ ഭരണത്തിലിരുന്ന ചെറിയ രാജ്യമായിരുന്നു പൂഞ്ഞാര്‍. ഈ വംശത്തിന്റെ സ്ഥാപകന്‍ മാനവിക്രമകുലശേഖരപ്പെരുമാളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മ തെക്കുംകൂര്‍ പിടിച്ചടക്കിയപ്പോള്‍ പൂഞ്ഞാര്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി.
കരപ്പുറം രാജ്യം
പുരാതന കേരളത്തിലെ ഒരു നാട്ടുരാജ്യമാണ്‌ കരപ്പുറം രാജ്യം. ഇന്നത്തെ ചേര്‍ത്തല താലൂക്ക് ഉള്‍പ്പെട്ടിരുന്ന രാജ്യമാണ് കരപ്പുറം. തെക്ക് പുറക്കാടു മുതല്‍ വടക്ക് പള്ളുരുത്തി വരെ ഈ രാജ്യം വ്യാപിച്ചിരുന്നു. കൊച്ചിരാജവംശത്തിന്റെ ‘മാടത്തിങ്കല്‍’ ശാഖയുടെ ആസ്ഥാനമായ മാടത്തിന്‍ കര ,കരപ്പുറത്തായിരുന്നു. 72 നായര്‍ മാ‍ടമ്പിമാര്‍ ചേര്‍ന്നാണ് ഈ രാജ്യം ഭരിച്ചുവന്നത്.
അഞ്ചിക്കൈമള്‍ രാജ്യം
എറണാകുളവും, അതിന്റെ പരിസരപ്രദേശങ്ങളും, അഞ്ചികൈമള്‍മാര്‍ എന്ന പ്രബലരായ നായര്‍ മാടമ്പിമാരുടെ വകയായിരുന്നു. ഇവരില്‍ പ്രധാനി ചേരാനല്ലൂര്‍ കര്‍ത്താവായിരുന്നു. ഇവര്‍ മാറിമാറി കൊച്ചിരാജാവിനോടും സാമൂതിരിയോടും കൂറുപുലര്‍ത്തിപോന്നിരുന്നു. ഇവരെ കൂടാ‍തെ മറ്റുചിലശക്തന്മാരായ നായര്‍പ്രമാണിമാരും ഉണ്ടായിരുന്നു. എറണകുളത്തിന് വടക്ക് മുറിയനാട്ടുനമ്പ്യാര്‍, പാലിയത്തച്ചന്‍, കോടശ്ശേരികൈമള്‍, കൊരട്ടികൈമള്‍, ചങ്ങരന്‍ കോതകൈമള്‍, പനമ്പുകാട്ടുകൈമള്‍ എന്നിവരാണ് അവരില്‍ പ്രബലന്മാര്‍, കൊച്ചിരാജാവിനോട് നാമമാത്രമായ വിധേയത്വമേ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ.
ഇടപ്പള്ളി സ്വരൂപം
ഇടപ്പള്ളി രാജവംശത്തിന് ഇളങ്ങല്ലൂര്‍ സ്വരൂപം എന്നും പേരുണ്ട്. കാല്‍ക്കരെ നാട്ടിലെ തൃക്കാക്കര ക്ഷേത്രത്തില്‍ പൂജനടത്തിയിരുന്ന പ്രതാപശാലിയായ ഒരു നമ്പൂതിരി ആയിരുന്നു ഇതിന്റെ സ്ഥാപകന്‍. കുലശേഖരരാജ്യത്തിന്റെ പതന(1102) ത്തെ തുടന്ന് കാല്‍ക്കരെനാട് ഛിന്നഭിന്നമായി. ഇടപ്പള്ളി ആസ്ഥാനമായി നമ്പൂതിരി ഒരു സ്വതന്ത്രരാജ്യം സ്ഥാപിച്ചു. 1740-ല്‍ ഡച്ച് ഈസ്റ്റിന്ത്യാകമ്പനിയുമായി ഇടപ്പള്ളി ഒരു കരാര്‍ ഉണ്ടാക്കി. നാടുവാഴി നമ്പൂതിരി ആയതുകൊണ്ട് മാര്‍ത്താണ്ഡവര്‍മ്മ ഇടപ്പള്ളി ആക്രമിച്ചില്ല. കുന്നത്തുനാട് താലൂക്കിലെ വാഴപ്പള്ളി, കാര്‍ത്തികപ്പള്ളിതാലൂക്കിലെ തൃക്കുന്നപ്പുഴ, തിരുവല്ല താലൂക്കിലെ കല്ലൂപ്പാറ എന്നിവ ഇടപ്പള്ളി സ്വരൂപത്തില്‍ ഉള്‍പ്പെട്ടിരുന്നു. 1820-ല്‍ ബ്രിട്ടീഷുകാര്‍ ഈ രാജ്യം കൊച്ചിരാജാവിന്റെ സംരക്ഷണയിലാക്കിയിലെങ്കിലും, ഇടപ്പള്ളിത്തമ്പുരാന്റെ പ്രതിഷേധം മൂലം 1825-ല്‍ തിരുവിതാംകൂര്‍ ഭരണത്തില്‍ കീഴിലാക്കി.

Comments