കേരളത്തിലെ നാട്ടുരാജ്യങ്ങള്‍ part-6

കോട്ടയം രാജവംശം
കോലത്തുനാടിന്റെ അധീനതയില്‍പ്പെട്ടിരുന്ന കോട്ടയം ക്രമേണ തലശ്ശേരി താ‍ലൂക്കി‍ന്റെ ഉള്‍നാടന്‍ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിന്‍ കീഴിലാക്കി. ഒരു കാലത്ത് കുടക് അതിര്‍ത്തിയോളം ഭരണം വ്യാപിച്ചിരുന്നു. ക്രമേണ കിഴക്ക്, പടിഞ്ഞാറ്, തെക്ക് എന്നിങ്ങനെ മൂന്ന് ശാഖകളായി ഈ വംശം പിരിഞ്ഞു. ആദ്യത്തേത് രണ്ടും കോട്ടയത്തും മൂന്നാമത്തേത് പഴശ്ശിയിലും താ‍മസമാക്കി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഇന്നത്തെ തലശ്ശേരിതാലൂക്കിലെ ഇടവഴിനാട് നമ്പ്യാന്മാരുടെ ഭരണത്തില്‍പ്പെടാത്ത ഭാഗങ്ങളുടേയും അധീശന്മാരായിരുന്നു കോട്ടയം രാജാക്കന്മാര്‍. ഗൂഡല്ലൂര്‍, ഉള്‍പ്പെട്ട വയനാട്, മുമ്പത്തെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളുടെ ഏതാനും ഭാഗങ്ങള്‍ ചേര്‍ന്ന താമരശ്ശേരി എന്നിവയും കോട്ടയം രാജ്യത്തില്‍പ്പെട്ടിരുന്നു. ബ്രിട്ടീഷുകാരുമായി പടവെട്ടി വീരമൃത്യുവരിച്ച കേരളവര്‍മ്മ പഴശ്ശിരാജാവ് , വാല്‍മീകി രാമായണം കിളിപ്പാട്ടിന്റെ കര്‍ത്താവ് കേരളവര്‍മ്മത്തമ്പുരാന്‍ , ആട്ടകഥാകാരന്‍ വിദ്വാന്‍ തമ്പുരാന്‍ എന്നിവര്‍ ഈ രാജകുടുംബത്തില്‍ നിന്നാണ്.
കുറങ്ങോത്ത് രാജ്യം
തലശ്ശേരിക്കും, മയ്യഴിക്കും മദ്ധ്യേ രണ്ടു ഗ്രാമങ്ങള്‍ ചേര്‍ന്ന പ്രദേശമായിരുന്നു കുറങ്ങോത്ത് രാജ്യം. ഇവിടത്തെ ഭരണാധികാരി കുറങ്ങോത്ത് നായര്‍ എന്നറിയപ്പെട്ടിരുന്നു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ ഏറ്റുമുട്ടുന്നതിന് സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി കൊടുത്തത് കുറുങ്ങോത്ത് നായരായിരുന്നു. 1787ല്‍ കുറുങ്ങോത്ത് നായരെ ടിപ്പു സുല്‍ത്താന്‍ തടവിലാക്കി തൂക്കികൊന്നു. 1803നും 1806നും ഇടക്ക് ഈ ദേശം ബ്രിട്ടീഷ് മലബാറിനോട് ചേര്‍ത്തു.
രണ്ടുതറ
പോയനാട് എന്നുകൂടി പേരുള്ള രണ്ടുതറ, ഇന്നത്തെ കണ്ണൂര്‍ താലൂക്കിന്റെ ചിലഭാഗങ്ങള്‍ ചേര്‍ന്നതാണ്. എടക്കാട്‌, അഞ്ചരക്കണ്ടി, മാവിലായി മുതലായ സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. കോലത്തുനാടിന്റെ ഭാഗമായിരുന്ന രണ്ടുതറ ആദ്യം ഭരിച്ചിരുന്നത് അച്ഛന്മാര്‍ എന്ന നാലു നായര്‍ തറവാട്ടുകാരാ‍യിരുന്നു. 1741-ല്‍ രണ്ടുതറ അച്ചന്മാര്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ പ്രത്യേക സംരക്ഷണയിലായിരുന്നു.
അറയ്ക്കല്‍ രാജവംശം
കണ്ണൂര്‍ നഗരം കേരളത്തിലെ ഏക മുസ്ലീം രാജവംശമായിരുന്ന അറയ്ക്കല്‍ കുടുംബത്തിന്റെതായിരുന്നു. മരുമക്കത്തായ സമ്പ്രദായമാണ് ഇവര്‍ പിന്തുടര്‍ന്ന് പോന്നത്. അതു സ്ത്രീയാണെങ്കില്‍ ബീവി എന്നും പുരുഷനാണെങ്കില്‍ അലി എന്നും വിളിച്ചിരുന്നു. കോലത്തിരിയുടെ മന്ത്രിയാ‍യ അരയന്‍ കുളങ്ങര നായര്‍ ഇസ്ലാം മതത്തില്‍ ചേരുകയും, കോലത്തിരി കോവിലകത്തെ ഒരു രാജകുമാരിയുമായി പ്രേമബദ്ധരാകുകയും ചെയ്തു. അവരുടെ വിവാഹം രാജാവുതന്നെ നടത്തികൊടുക്കുകയും, രാജകീയആഡംബരങ്ങളോടെ ഒരു കൊട്ടാ‍രം പണിയിച്ച് താമസിപ്പിക്കുകയും ചെയ്തു. ഇതോടെ കണ്ണൂര്‍ നഗരത്തിന്റെ ആധിപത്യം അറയ്ക്കല്‍ കുടുംബക്കാര്‍ക്കായി. വടക്കേമലബാറിലെ കുരുമുളകിന്റെയും ഏലത്തിന്റെയും വാണിജ്യകുത്തക ഇവര്‍ കരസ്ഥമാക്കി. 1772ല്‍ ഡച്ചുകാരില്‍ നിന്നും കണ്ണൂര്‍ കോട്ട കരസ്ഥമാക്കി. ബ്രിട്ടീഷുകാരുമായി ബീവി ഉണ്ടാക്കിയ കരാര്‍ പ്രകാരം മിനിക്കോയി, അമേനി, ലക്ഷദ്വീപ് എന്നിവ ബ്രിട്ടീഷ് ആധിപത്യത്തിലായി. ബീവി പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്ന് അടിത്തൂണ്‍ പറ്റി.
നീലേശ്വരം രാജവംശം
സാമൂതിരികോവിലകത്തെ ഒരു രാജകുമാരിയും, ഒരു കോലത്തുനാട്ടുരാജാവുമുണ്ടായ പ്രേമബന്ധത്തില്‍ നിന്നാണ് ഈ വംശം നിലവില്‍ വന്നത്. പണ്ടത്തെ നീലേശ്വരം രാജ്യമാണ് ഇന്നത്തെ ഹോസ്ദുര്‍ഗ് താലൂക്ക് . വെങ്കടപ്പനായ്ക്കന്റെ (1582-1629) കീഴില്‍ തെക്കന്‍ കാനറയില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ബഡ്നോര്‍ നായ്ക്കന്മാര്‍ (ഇക്കേരി നായ്ക്കന്മാര്‍) 17-18 നൂറ്റാണ്ടുകളില്‍ നീലേശ്വരം ആക്രമിച്ചു നിയന്ത്രണത്തിലാക്കി. നീലേശ്വരം രാജാവ് ശിവപ്പനായ്ക്കന് (1645-1660) കപ്പം കൊടുത്തിരുന്നു. സോമശേഖരന്‍ നായ്കന്‍(1714-1739) നീലേശ്വരം സ്വന്തം രാജ്യത്തോട് ചേര്‍ത്ത് ഹോസ്ദുര്‍ഗ്കോട്ട നിര്‍മ്മിച്ചു. ബ്രിട്ടീഷുകാര്‍ തെക്കന്‍ കാനറായില്‍ ആധിപത്യം ഉറപ്പിച്ചതോടെ നീലേശ്വരം അവരുടെ നിയന്ത്രണത്തിലായി.
കുമ്പള ദേശം
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്താണ് ഈ രാജ്യം. മായ്പ്പാടി കോവിലകത്തെ രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്, ഇന്നത്തെ കാസര്‍കോഡ് താലൂക്കിന്റെ ഏറിയഭാഗവും ഈ രാജ്യത്തുള്‍പ്പെട്ടിരുന്നു. വിജയനഗരരാജാക്കന്മാരുടെ ആധിപത്യകാലത്ത് അവരുടെ കീഴിലും കാസര്‍കോഡ് പ്രദേശങ്ങളില്‍ ബഡ്നോര്‍ രാജാക്കന്‍മാര്‍ പടയോട്ടം നടത്തിയപ്പോള്‍ അവരുടെ ആധിപത്യത്തിലുമായി. പിന്നീട് ബ്രിട്ടീഷുകാരില്‍ നിന്നും അടിത്തുണ്‍ പറ്റി.

Comments