ഹിമഭൂമിയിലെ താപസര്‍

അതിവിചിത്രമായ ആരാധനാരീതികളും വിശ്വാസ പ്രമാണങ്ങളും ഹിമഗൂഢമായ രഹസ്യങ്ങളും നിറഞ്ഞതാണ് ടിബറ്റന്‍ ബുദ്ധമത ലാമമാരുടെ ലോകം. ബുദ്ധശാന്തിയില്‍ ചരിക്കുന്ന ശാന്തരായ ഭിക്ഷുക്കള്‍...
ചൈന ടിബറ്റിനും ടിബറ്റന്‍ ബുദ്ധിസത്തിനും നേരെ ആക്രമണം അഴിച്ചുവിട്ടതിന്റെ 50-ാം വാര്‍ഷികമാണിത്.


ലാമായിസം

ബുദ്ധ മതത്തിന്റെ സവിശേഷ രൂപമാണ് ടിബറ്റന്‍ ബുദ്ധിസം അഥവാ ലാമായിസം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ബുദ്ധവിഭാഗക്കാരായ മഹായാനന്‍മാരില്‍നിന്നാണ് ടിബറ്റന്‍ ബുദ്ധിസം രൂപപ്പെട്ടത്. ടിബറ്റിലെ ചരിത്രപ്രധാനിയായ രാജാവ് സോങ്സാന്‍ ഗാം പോവിന്റെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും കാലത്താണ് ഇവിടെ ബുദ്ധമതം എത്തുന്നതും ജനജീവിതത്തിന്റെ ഭാഗമായിത്തുടങ്ങുന്നതും.
ബുദ്ധമതാനുയായികളായ ചൈനീസ് രാജകുമാരി വെന്‍ചെങ്, നേപ്പാളി രാജകുമാരി ഭ്രികുതി ദേവി എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ഭാര്യമാര്‍. ഇരുവരും യഥാക്രമം താരാദേവിയുടെയും സരസ്വതി ദേവിയുടെയും പ്രതിരൂപങ്ങളായാണ് അറിയപ്പെട്ടിരുന്നത്. രാജാവിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ടിബറ്റില്‍ സധര്‍മ്മ (ടിബറ്റന്‍ ബുദ്ധിസം) നടപ്പാക്കാന്‍ അവര്‍ക്ക് സാധിച്ചു. വളരെച്ചുരുങ്ങിയ കാലത്തിനുള്ളില്‍ ടിബറ്റിലെ പ്രധാന മതമായി ബുദ്ധമതം വളര്‍ന്നു. ടിബറ്റന്‍ ചരിത്രത്തിലെ അതിപ്രശസ്തനായ സോങ്സാന്‍ ഗാം പോ രാജാവ് പിന്നീട് ബുദ്ധമതം സ്വീകരിച്ച് കോസ്-ഗ്യാല്‍-ധര്‍മ്മരാജ എന്നാണ് അറിയപ്പെട്ടത്. അധികം താമസിയാതെ സമീപപ്രദേശങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍, സിക്കിം എന്നിവിടങ്ങളിലും ഈ മതം പ്രചാരം നേടിത്തുടങ്ങി. മംഗോളിയയിലും മഞ്ചൂറിയയിലുമുള്ള ജനങ്ങളില്‍ ബുദ്ധമതം ശക്തമായ സ്വാധീനം ചെലുത്തി.

ടിബറ്റന്‍ ബുദ്ധിസം മൂന്നു പ്രധാന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എ.ഡി. 7 മുതല്‍ 9 വരെയുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ നിന്നാണ് ബുദ്ധമതം ടിബറ്റിലെത്തുന്നത്. ഷമനിസ്റ്റിക്കുകളായ ബോണ്‍ മതക്കാരുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് സോങ്‌സാന്‍ ഗാം പോവിന്റെ കാലത്ത് ഇവിടെ ബുദ്ധമത പ്രചാരണം നടന്നത്. ഇതിന് കാരണഭൂതരായത് ഇന്ത്യന്‍ മഹായാന ബുദ്ധന്‍മാരുടെ ഗുരുക്കന്‍മാരായ പദ്മസംഭവ (ഗുരു റിമ്പോച്ചെ), ശാന്തരക്ഷിത എന്നിവരാണ്. പരമ്പരാഗത ബോണ്‍ മതക്കാരുമായി ചേര്‍ന്നാണ് ഇന്നുകാണുന്ന ടിബറ്റന്‍ ബുദ്ധിസം എന്ന വിഭാഗംതന്നെ ഉണ്ടാവുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ ടിബറ്റ് ഭരിച്ചിരുന്ന കിങ് ലാംഗ് ദാര്‍ മാ ഈ പുതിയ വിശ്വാസത്തെ അടിച്ചമര്‍ത്തുന്നതില്‍ കുറച്ചെല്ലാം വിജയിച്ചു.

ബുദ്ധമത പ്രചാരണത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് 11-ാം നൂറ്റാണ്ടിലാണ്. ഇതിന്റെ തുടക്കവും ഇന്ത്യയില്‍നിന്നുതന്നെയായിരുന്നു. ശക്തമായ പുരോഹിത സംഘങ്ങളായിരുന്നു ഇത്തവണ ഇതിനായിറങ്ങിത്തിരിച്ചത്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അവിടത്തെ ഉന്നതകുലജാതരുമായി ചേര്‍ന്ന് സാന്നിധ്യമുറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ഈ കാലഘട്ടത്തിലാണ് ടിബറ്റന്‍ ബുദ്ധമതക്കാരുടെ പ്രമാണം എഴുതപ്പെടുന്നത്. ഇന്നും നിലനില്‍ക്കുന്ന ചില അവാന്തരവിഭാഗങ്ങള്‍ രൂപപ്പെടുന്നതും ഇക്കാലത്താണ്. പദ്മസംഭവയുടെ വേരുകള്‍ തേടിപ്പോയ സാ-ക്യാ-പാ, നയിങ്-മാ-പാ എന്നിവരും പ്രശസ്തനായ യോഗിവര്യന്‍ മിലാരെ-പായുടെ ശിഷ്യഗണത്തില്‍പ്പെട്ട കര്‍ഗ്യൂദ്-പായും ഇക്കൂട്ടത്തില്‍പ്പെടുന്നു.

പ്രമുഖ പരിഷ്‌കര്‍ത്താവായ സോങ് ഖാ പായുടെ കാലത്തോടെയാണ് ടിബറ്റന്‍ ബുദ്ധിസത്തിന്റെ മൂന്നാംഘട്ടം ആരംഭിക്കുന്നത്. ദലൈലാമ പ്രതിനിധാനം ചെയ്യുന്ന ഗെ-ലഗ്‌സ്-പാ വിഭാഗത്തിന്റെ സ്ഥാപകനാണ് അദ്ദേഹം. ബുദ്ധന്റെ പുനര്‍ജന്മാവതാരങ്ങളായാണ് ലാമമാര്‍ കരുതപ്പെടുന്നത്. മതത്തിന്റെയും രാജ്യത്തിന്റെയും തലവനായി ദലൈലാമയെ ഇവിടത്തുകാര്‍ കരുതുന്നു.

ടിബറ്റന്‍ ബുദ്ധിസവും വിശ്വാസങ്ങളും


മധ്യേഷ്യയിലെ പര്‍വ്വത പ്രദേശമാണ് ടിബറ്റ്. 1912ല്‍ ചൈനയില്‍നിന്ന് പോരാടി തിരിച്ചെടുത്ത ടിബറ്റിന്റെ സ്വാതന്ത്ര്യം 1951 വരെ കാത്തുസൂക്ഷിക്കാന്‍ ഇവിടത്തെ ഭരണാധികാരികള്‍ക്ക് സാധിച്ചു. ഇന്ന് ടിബറ്റ് എന്ന ഈ ചെറുരാജ്യം ചൈനയുടെ അധിനിവേശത്തിന്‍കീഴിലാണ്.
11-ാം നൂറ്റാണ്ട് മുതല്‍ 14-ാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് മിക്കവാറും ബുദ്ധ സംഹിതകള്‍ ടിബറ്റിയന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടത്. ടിബറ്റന്‍ ബുദ്ധിസത്തിലെ വിവിധ വിഭാഗങ്ങളുടെ പരിപാവനമായ തിരുവചനങ്ങളുടെ നിര്‍വ്വചനമാണ് ടിബറ്റന്‍ ബുദ്ധമതത്തിന്റെ പ്രമാണ സംഹിതയായി അറിയപ്പെടുന്നത്. 300-ലധികം വോള്യങ്ങളിലായും ആയിരക്കണക്കിന് ഒറ്റപ്പെട്ട സംഹിതകളായും ഇത് വ്യാപിച്ച് കിടക്കുന്നു.

ടിബറ്റന്‍ ബുദ്ധ സംഹിതകളുടെ അവസാന സങ്കലനം നടത്തിയത് 14-ാം നൂറ്റാണ്ടില്‍ ബു-സ്റ്റണ്‍ ആണ്. ഇത് പ്രധാനമായും രണ്ട് ഭാഗങ്ങളായാണുള്ളത്. ഇതില്‍ ആദ്യത്തേത് കന്‍ജ്യൂര്‍ ('തര്‍ജ്ജമ ചെയ്യപ്പെട്ട വാക്കുകള്‍') എന്ന് അറിയപ്പെടുന്നു. 600 തിരുവചനങ്ങളടങ്ങിയ 98 വോള്യങ്ങളിലായുള്ള സംഹിതയാണിത്. ഇതിന്റെ ആവിര്‍ഭാവം ചൈനയില്‍നിന്നാണ്. രണ്ടാമത്തെ ഭാഗം തെന്‍ജ്യൂര്‍ (പകര്‍ന്നു നല്‍കിയ വാക്കുകള്‍) എന്നറിയപ്പെടുന്നു. 3626 തിരുവചനങ്ങള്‍ 224 വോള്യങ്ങളിലായാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. ഇവയെത്തന്നെ സൂത്രങ്ങള്‍, തന്ത്ര സംഹിതകളിന്‍മേലുള്ള നിരൂപണങ്ങള്‍, സൂത്രസംഹിതകളിന്‍മേലുള്ള നിരൂപണങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം.

അഞ്ച് ധ്യാനബുദ്ധന്‍മാരാണ് ടിബറ്റന്‍ ബുദ്ധവിശ്വാസത്തിന്റെ കേന്ദ്രം. ഓരോ ബുദ്ധനും ഓരോ പ്രത്യേക തിന്മയെ ജയിക്കാന്‍ പോന്ന നന്മയുമായി ജനിച്ചതാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ആത്മസമര്‍പ്പണം നടത്തിയ ബുദ്ധന്‍മാര്‍ നിര്‍വാണം തേടുമ്പോള്‍ സാധാരണ ജനങ്ങള്‍ ഷമനിസ്റ്റിക് തത്ത്വങ്ങള്‍ നിലനിര്‍ത്തുന്നു. അവരുടെ ആരാധനയില്‍ പ്രാര്‍ഥനാ ഗീതങ്ങളും ചിട്ടപ്പെടുത്തിയ സങ്കീര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു. പെരുമ്പറയുടെയും കൊമ്പിന്റെയും ശബ്ദവും ഇവിടെ കേള്‍ക്കാം.

ടിബറ്റന്‍ ബുദ്ധിസത്തിന്റെ ശാഖകള്‍


പ്രധാനമായും നാല് ശാഖകളാണ് ടിബറ്റന്‍ ബുദ്ധിസത്തിലുള്ളത്.

നയിങ് മാ പാ:
(പുരാതനമായ ശാഖ) ടിബറ്റന്‍ ബുദ്ധിസത്തിലെ ഏറ്റവും പുരാതന ശാഖയാണിത്. ഗുലേക് കഴിഞ്ഞാല്‍ ഏറ്റവും വലിയതും ഈ ശാഖതന്നെ. പദ്മസംഭവയുടെ അധ്യയന രീതികളാണ് ഇവര്‍ അവലംബിക്കുന്നത്.

കാഗ്യൂപാ:
(വാചിക രീതി): തിബറ്റന്‍ ബുദ്ധിസത്തിലെ മൂന്നാമത്തെ വലിയ ശാഖയാണിത്. ഈ ശാഖ ടിബറ്റിലെത്തിച്ചത് മാര്‍പാ ആണ്. ടിബറ്റിലെ ഒരു ഗൃഹനാഥനായിരുന്ന അദ്ദേഹം 11-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച് ഇവിടത്തെ പ്രധാന യോഗിവര്യനായിരുന്ന നരോപയുടെ കീഴില്‍ പഠനം നടത്തിയശേഷം ബുദ്ധമതത്തിലെ വിശുദ്ധ ഗ്രന്ഥങ്ങളെല്ലാം തര്‍ജ്ജമ ചെയ്തു. മാര്‍പായുടെ ഏറ്റവും പ്രധാനപ്പെട്ട ശിഷ്യനായിരുന്നു മിലാരെപാ. അദ്ദേഹത്തിലേക്ക് മാത്രമാണ് മാര്‍പാ തന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയത്. 12-ാം നൂറ്റാണ്ടില്‍ ഗാംപോപ ആണ് മാര്‍പായുടെയും മിലാരെപായുടെയും ആശയങ്ങള്‍ എല്ലാവരിലേക്കുമെത്തുന്ന തരത്തില്‍ സ്വതന്ത്രശാഖയാക്കി മാറ്റിയത്. ടിബറ്റന്‍ ബുദ്ധിസത്തില്‍ ശിഷ്യരിലേക്ക് സംഹിതകള്‍ പകര്‍ന്നുനല്‍കുന്നതിന് പ്രമുഖ സ്ഥാനമാണുള്ളത്. ഈ പഠനത്തിന്റെ പ്രധാനകേന്ദ്രം മഹാമുദ്ര എന്നറിയപ്പെടുന്നു. ശൂന്യതയെക്കുറിച്ചുള്ള തിരിച്ചറിവാണ് ഇവിടെ പ്രതിപാദിക്കുന്നത്.

സാക്യാപ:
ടിബറ്റന്‍ ബുദ്ധിസത്തിലെ ഏറ്റവും ചെറിയ ശാഖയാണിത്. തെക്കന്‍ ടിബറ്റിലെ സാക്യ രാജവംശത്തിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.

ഗെലുഗ്പാ:
(സന്മാര്‍ഗ ശാഖ) യെല്ലോ ഹാറ്റ്‌സ് എന്നും അറിയപ്പെടുന്ന ശാഖയാണിത്. ടിബറ്റന്‍ ബുദ്ധിസത്തില്‍ ഏറ്റവും അടുത്ത് രൂപപ്പെട്ടതും എന്നാല്‍ ഇന്ന് ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ശാഖയാണിത്. 14-ാം നൂറ്റാണ്ടില്‍ സോങ്ഖാപാ ആണ് ഇതിന്റെ സ്ഥാപകന്‍. ആശ്രമജീവിതത്തിലെ കഠിനമായ നിയമങ്ങള്‍, ബ്രഹ്മചര്യം, മദ്യ-മാംസ നിവാരണം, സംന്യാസിവര്യന്‍മാര്‍ക്ക് ഉന്നത നിലവാരത്തിലുള്ള ശിക്ഷണം എന്നിവ അദ്ദേഹമാണ് കൊണ്ടുവന്നത്. വജ്രായന രീതിക്ക് ബഹുമാനം നല്‍കിത്തന്നെയായിരുന്നു ഇതെല്ലാം നടത്തിയിരുന്നത്. ബൃഹത്തായ മൂന്ന് സംന്യാസിമഠങ്ങള്‍ എളുപ്പത്തില്‍ ഈ ശാഖയെ സ്വീകരിച്ചു. 1409-ല്‍ ഗാന്‍ഡന്‍, 1416-ല്‍ റിപങ്, 1419-ല്‍ സെ-റാ എന്നിവയാണവ. റിപ്പങ് സന്യാസിമഠമാണ് 1578-ല്‍ ആദ്യ ദലൈലാമയെ സ്വീകരിച്ചത്. 1642-ല്‍ മംഗോളിയന്‍ നേതാവായ ഗുഷി ഖാന്‍ ദലൈലാമമാരെ രാഷ്ട്രത്തലവന്‍മാരാക്കിയതോടെ ഗെലുഗ്പാ ശാഖ ടിബറ്റിലെ പ്രമുഖ രാഷ്ട്രീയനേതൃത്വമായി മാറി.


ദലൈലാമ


ദലൈലാമയാണ് ടിബറ്റന്‍ ബുദ്ധമതത്തിലെ ആത്മീയ-സാമൂഹിക നേതാവ്. 1959ല്‍ ചൈനീസ് അധിനിവേശം നടക്കുന്നതുവരെ തണുപ്പുകാലങ്ങളില്‍ ലാസയിലെ പൊട്ടാല പാലസിലും ചൂടുകാലത്ത് നോര്‍ബുലിംഗയിലുമാണ് ദലൈലാമ ജീവിച്ചിരുന്നത്.
ബോധിസത്വ (ജ്ഞാനോദയത്തിലേക്കുള്ള പാതയില്‍ സഞ്ചരിക്കുന്ന) അവലോകിതേശ്വരന്റെ പുനര്‍ജന്മമാണ് ദലൈലാമമാരെന്നാണ് വിശ്വാസം. 14-ാമത്തെ ദലൈലാമയാണ് ഇപ്പോഴുള്ള ടെന്‍സിന്‍ ഗ്യാട്‌സോ

കടപ്പാട്:മാത്രുഭൂമി

Comments