ടിയാനന്‍മെന്‍ സ്‌ക്വയറിലെ കുരുതി

ചോരയൊഴുകിയ ചത്വരത്തില്‍ 20 വര്‍ഷങ്ങള്‍ക്കുശേഷം

ലോകത്തെയും മനുഷ്യമനസ്സാക്ഷിയെയും വിറപ്പിക്കുകയും വിറങ്ങലിപ്പിക്കുകയും ചെയ്ത
സംഭവമാണ് ടിയാനന്‍മെന്‍ സ്‌ക്വയറിലെ കുരുതി. ചൈനയില്‍, മാവോയുടെ ചിത്രം തൂങ്ങുന്ന
ആ ചത്വരം അന്ന് ചോരക്കളമായി. അത് ചൈനീസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വീണ മായാത്ത
കറയായി. ഈ നരവേട്ടയുടെ പേരില്‍ ചരിത്രവും വര്‍ത്തമാനവും ഇന്നും ചൈനയെ
വേട്ടയാടുന്നു. കൂട്ടക്കൊലയ്ക്ക് ദൃക്‌സാക്ഷിയായ 'ന്യൂയോര്‍ക്ക് ടൈംസ്' ബീജിങ് ബ്യൂറോ ചീഫ്
നിക്കോളാസ് ഡി ക്രിസ്റ്റോ 20 വര്‍ഷങ്ങള്‍ക്കുശേഷം ആ സംഭവത്തെ ഓര്‍ക്കുന്നു.കൃത്യമായി പറഞ്ഞാല്‍ 20 വര്‍ഷങ്ങള്‍ക്കുമുമ്പാണ്. ടിയാനന്‍മെന്‍ സ്‌ക്വയറിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുനിന്ന് ജനങ്ങള്‍ക്കുനേരെ 'ജനങ്ങളുടെ ചൈന' വെടിവെക്കുന്നത് ഞാന്‍ നേരിട്ടുകണ്ടു.
അപ്പോള്‍ രാത്രിയായിരുന്നു; വെടിയുണ്ടകളുടെ ശബ്ദം ഞങ്ങളുടെ കാതില്‍ പ്രകമ്പനം ചെയ്തുകൊണ്ടേയിരുന്നു. നിതാന്തമായ ശാന്തിയുടെ വീഥികള്‍ നിണമണിഞ്ഞു കിടന്നു. അങ്ങുദൂരെ സ്‌ക്വയറിന്റെ മറ്റേ അറ്റത്ത് യൂണിഫോം അണിഞ്ഞ സൈനിക ട്രൂപ്പുകള്‍ ഞാനുള്‍പ്പെടുന്ന ജനക്കൂട്ടത്തിനുനേരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വെടിയുതിര്‍ത്തു. ഒടുവില്‍ ആ വെടിയൊച്ചകള്‍ നിലയ്ക്കുന്നതുവരെ ഭീതിയോടെ ഞങ്ങള്‍ പുറകിലേക്ക് പിന്മാറി. നിശ്ശബ്ദതയുടെ ആ നിമിഷങ്ങളില്‍ ഞങ്ങള്‍ക്കും നൂറടി അപ്പുറത്തുനില്‍ക്കുന്ന സൈനികര്‍ക്കുമിടയില്‍ വെടിവെപ്പില്‍ മരിച്ചതും മുറിവേറ്റതുമായ ചെറുപ്പക്കാര്‍ നിരന്നുകിടന്നു.
ചില പ്രക്ഷോഭകാരികള്‍ സൈനികരെ ഉച്ചത്തില്‍ അപമാനിക്കുകയും അവര്‍ക്കുനേരെ ഇഷ്ടികക്കഷണങ്ങളും നാടന്‍ കൈബോംബുകളുമെറിയുകയും ചെയ്തു. എന്നാല്‍ അവയൊന്നും ലക്ഷ്യത്തിലെത്താതെ തുറസ്സായ സ്ഥലങ്ങളില്‍ വീണു. പക്ഷേ, വേദനയാല്‍ പുളയുന്ന വീണുകിടക്കുന്നവരെ സഹായിക്കാനായി മുന്നിട്ടിറങ്ങാന്‍ ഭീതി ഞങ്ങളെയാരെയും അനുവദിച്ചില്ല. ആ സമയം ഞാന്‍ പത്രത്തിന്റെ ബീജിങ് ബ്യൂറോ ചീഫ് ആയിരുന്നു. ഞാന്‍ കുറച്ചാളുകളാല്‍ ചുറ്റപ്പെട്ടിരുന്നു. അവരെല്ലാം വെടിയേറ്റവരാണെന്ന് എനിക്കുതോന്നുന്നു. ഭയത്തില്‍നിന്നുണ്ടായ വിയര്‍പ്പുകണങ്ങള്‍ എന്റെ നോട്ട് ബുക്കിനെ നനച്ചു. പരുക്കേറ്റവരെ രക്ഷിക്കാന്‍ മുതിര്‍ന്ന ഒരു ആംബുലന്‍സിനുനേരെ സൈനികര്‍ ഇതിനകം വെടിയുതിര്‍ത്തുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മറ്റ് ആംബുലന്‍സുകള്‍ കൃത്യമായ അകലം പാലിച്ചുനിന്നു. അവസാനം രക്ഷകരുടെ രൂപത്തില്‍ അവര്‍ എത്തി-റിക്ഷാ ഡ്രൈവര്‍മാര്‍.
അവര്‍ കര്‍ഷകരും തൊഴിലാളികളുമായിരുന്നു. ആളുകളെയും ചരക്കുകളെയും വഹിച്ച് റിക്ഷ ചവിട്ടി ജീവിതം തള്ളിനീക്കുന്നവര്‍. സൈനികക്കൂട്ടത്തിനിടയിലേക്ക് ആദ്യമെത്തി മുറിവേറ്റവരുടെയും മരിച്ചവരുടെയും ശരീരങ്ങള്‍ എടുത്തുമാറ്റിയത് അവരാണ്. ഏറ്റവുമടുത്ത ആസ്​പത്രി ലക്ഷ്യമാക്കിയുള്ള ഓട്ടത്തിനിടയ്ക്ക് ക്രോധംനിറച്ച നോട്ടം അവര്‍ ഞങ്ങള്‍ക്കുനേരെ എറിഞ്ഞു.
സാരമായി മുറിവേറ്റ ഒരു വിദ്യാര്‍ഥിയേയും വഹിച്ച് ദൃഢഗാത്രനായ ഒരു റിക്ഷാക്കാരന്‍ എനിക്കരികിലൂടെ കടന്നുപോയി. എനിക്ക് ഫോട്ടോയെടുക്കാന്‍ പാകത്തിനായിരുന്നു അത്. കണ്ണുനീര്‍ അയാളുടെ കവിളിലൂടെ താഴേക്കൊഴുകുന്നത് ഞാന്‍ കണ്ടു. ആ റിക്ഷക്കാരന് ചിലപ്പോള്‍ പ്രത്യക രാഷ്ട്രീയം ഉണ്ടായിരിക്കില്ല, എങ്കിലും അയാള്‍ മറ്റൊരാള്‍ക്കായി സ്വന്തം ജീവന്‍ പണയംവെച്ചിരിക്കുന്നു.
ബീജിങ്ങില്‍ എല്ലായിടത്തും സംഭവിക്കുന്നത് ഇതുതന്നെയാണ്. അതേദിവസം രാത്രി, കിഴക്കുനിന്നും സൈനിക ട്രൂപ്പുകളെ വഹിച്ചുകൊണ്ടുള്ള ട്രക്ക് പഴയ എയര്‍പോര്‍ട്ട് റോഡിലൂടെ നഗരത്തിലേക്ക് കടക്കുകയായിരുന്നു. മധ്യവയസ്‌കനായ ഒരു ബസ് ഡ്രൈവര്‍ ഈ കാഴ്ച കണ്ടു. അയാള്‍ ട്രക്കിനുമുന്നില്‍ റോഡിനുകുറുകെ തന്റെ ബസ് നിര്‍ത്തി. വശത്തേക്ക് മാറൂ എന്ന് ട്രക്കിലുള്ളവര്‍ ഒച്ചവെക്കുന്നുണ്ടായിരുന്നു.
''വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കില്ല.'' ധാര്‍ഷ്ട്യം കലര്‍ന്ന സ്വരത്തില്‍ ബസ് ഡ്രൈവര്‍ പ്രതികരിച്ചു. സൈന്യം ഡ്രൈവര്‍ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. എന്നാല്‍ അയാളാകട്ടെ ആര്‍ക്കും ബസ് അനക്കാന്‍ സാധിക്കാതിരിക്കാനായി ബസിന്റെ താക്കോല്‍ ഊരിയെടുത്ത് റോഡിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞു. സൈന്യം അയാളെ അറസ്റ്റ് ചെയ്തു. പിന്നീട് അയാള്‍ക്ക് എന്തുസംഭവിച്ചെന്ന് എനിക്കറിയില്ല.
20 വര്‍ഷങ്ങള്‍ക്കുശേഷം, ശക്തമായ ആ ജനാധിപത്യവാഞ്ഛക്കെന്തു സംഭവിച്ചു? രാഷ്ട്രീയപരമായ ഈ മരവിപ്പ് എങ്ങനെ സംഭവിച്ചു? സാമ്പത്തികപരമായി മുന്നേറിയെങ്കിലും 1980-കളിലുള്ളതിനെക്കാളും മാധ്യമ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന് അടിമപ്പെടാനുള്ള സാഹചര്യമെന്താണ്? വളരെ ചുരുക്കം പ്രതിഷേധസമരങ്ങള്‍ മാത്രം അവിടെ കാണപ്പെടാന്‍ കാരണമെന്താണ്? 'ജനങ്ങളുടെ ഊര്‍ജത്തില്‍ ഭൂരിഭാഗവും പണമുണ്ടാക്കാന്‍ ചെലവിടുന്നു' എന്നതാണ് ഇതിനെല്ലാമുള്ള പ്രധാന ഉത്തരം. അത് ഏറ്റവും സുരക്ഷിതമായ മാര്‍ഗമാണെന്ന് അവര്‍ കരുതുന്നു. എന്റെ ചൈനീസ് സുഹൃത്തിന്റെ അഭിപ്രായംതന്നെ കേള്‍ക്കുക. ''പ്രതിഷേധം ഉറക്കെയായാല്‍ ഞാന്‍ അറസ്റ്റ്‌ചെയ്യപ്പെടാം. എന്നാല്‍ ശാന്തതയോടെ പ്രതിഷേധിച്ചാലോ, അത് സമയം വെറുതെ കളയലാണുതാനും. ഇതിലും ഭേദം ആ സമയം വല്ല വ്യാജ ഡി.വി.ഡി.കളും കണ്ടിരിക്കുന്നതാണ്.'' 1989-കളിലുണ്ടായിരുന്ന റിക്ഷാ ഡ്രൈവര്‍മാരും ബസ് ഡ്രൈവര്‍മാരും സ്ഥിരമായ ഒരു ജനാധിപത്യവ്യവസ്ഥയ്ക്കല്ല, മറിച്ച് മികച്ച ഒരു ജീവിതത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നതാണ് രണ്ടാമത്തെ കാര്യം. അതവര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍, രാഷ്ട്രീയപരമായി അടിച്ചമര്‍ത്തലുകളുണ്ടാവുമ്പോഴും സാമ്പത്തിക ഉയര്‍ച്ചയുണ്ടാക്കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അസാധാണമായ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. ബീജിങ്ങിലുള്ളവര്‍ക്ക് വോട്ടവകാശം ഇല്ലായിരിക്കാം, എന്നാല്‍ ജീവിതനിലവാരം ഉയര്‍ന്നു. ന്യൂയോര്‍ക്ക് നഗരത്തിലുള്ളതിനേക്കാള്‍ 27 ശതമാനം കുറവാണ് ഇവിടത്തെ ശിശുമരണനിരക്കെന്നതിലും ഇവര്‍ക്ക് അഭിമാനിക്കാം.
എല്ലാം മധുരതരമല്ല: പരിതസ്ഥിതികള്‍ ആപത്കരമാണ്, വൃത്തികെട്ട ഒരുതരം ദേശീയത ഇവിടത്തെ ചില ചെറുപ്പക്കാരില്‍ തുളഞ്ഞുകയറിയിരിക്കുന്നു. ഫ്ലിക്കര്‍, ഹോട്ട്‌മെയില്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ നിരോധിക്കുക, അഴിമതി വര്‍ധിക്കുക തുടങ്ങിയ തേയ്മാനങ്ങള്‍ വന്നുകൂടിയിരിക്കുന്നു. എന്നാല്‍ ഇതിനെ ബാലന്‍സ് ചെയ്യുന്ന വിധത്തില്‍, പണ്ടത്തെ തലമുറയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് എത്രയോ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് ലഭിക്കുന്നത്. അമേരിക്കയിലെ നിരവധി കുട്ടികള്‍ക്ക് ലഭിക്കുന്നതിലധികം പല കാര്യങ്ങളും ഇവിടത്തെ കുട്ടികള്‍ക്ക് ലഭിക്കുന്നു.
പൗരന്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കി ഒരു മധ്യവര്‍ഗം സൃഷ്ടിക്കുമ്പോള്‍ രാഷ്ട്രീയപ്രാതിനിധ്യത്തിനും അതിനോടൊപ്പംതന്നെ പരിപോഷണം നല്‍കുന്നു. അത്തരത്തില്‍ കണക്കാക്കുകയാണെങ്കില്‍ തായ്‌വാനും ദക്ഷിണകൊറിയയും 1980-കളില്‍ ചെയ്തതുതന്നെയാണ് ചൈനയും ചെയ്യുന്നത്.
തായ്‌വാനിലെ ജനതയ്ക്ക് ശക്തമായ പാശ്ചാത്യ ഭരണരീതി ഒരിക്കലും പൂര്‍ണമായും യോജിക്കില്ലെന്ന് 1986-ല്‍ മാ യിങ്-ജ്യോ എന്ന ചെറുപ്പക്കാരനായ തായ്‌വാന്‍ ഉദ്യോഗസ്ഥന്‍ ഇടയ്ക്കിടെ എന്നോട് പറയുമായിരുന്നു. എന്നാല്‍ പിന്നീട് തന്റെ ഈ ധാരണ പുനഃപരിശോധിച്ച് തിരുത്താന്‍ തയ്യാറായ ആ മിടുക്കനായ ചെറുപ്പക്കാരനാണ് ഇന്ന് ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട് തായ്‌വാന്റെ പ്രസിഡന്റ് പദവിയിലുള്ളത്.
എന്റെ ചില കൂട്ടുകാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക നേതാക്കളാണ്. അവര്‍ വികസനത്തിന് കാത്തുനില്‍ക്കുന്നവരാണ്. ഞങ്ങള്‍ വിദേശികളും അതുപോലെത്തന്നെ ക്ഷമയുള്ളവരും പ്രായോഗികശേഷിയുള്ളവരുമാണ്. ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ ഞങ്ങള്‍ക്ക് അധികമൊന്നും സാധിക്കില്ല. എന്നാല്‍ പ്രതീക്ഷപുലര്‍ത്തുകയാണെങ്കില്‍, 20 വര്‍ഷം മുന്‍പുള്ള ആ റിക്ഷാ ഡ്രൈവര്‍മാരില്‍നിന്നും നമുക്ക് ഉത്തേജനം നേടാന്‍ സാധിക്കുമെന്നകാര്യം തീര്‍ച്ചയാണ്.

Comments