'പ്രകാശത്തിന്റെ അധിപര്‍'ക്ക്‌ ഭൗതിക നൊബേല്‍സ്റ്റോക്‌ഹോം: വിവര വിനിമയ രംഗത്ത്‌ വിപ്ലവത്തിന്‌ വഴിയൊരുക്കിക്കൊണ്ട്‌ ഒപ്‌റ്റിക്കല്‍ ഫൈബറും ചാര്‍ജ്‌ കപ്‌ള്‍ഡ്‌ ഡിവൈസും ആവിഷ്‌കരിച്ച ഗവേഷകര്‍ക്ക്‌ ഭൗതികശാസ്‌ത്ര നൊബേല്‍. വിവരങ്ങളും ദൃശ്യങ്ങളും നിമിഷാര്‍ധം കൊണ്ട്‌ ലോകമെങ്ങുമെത്തിക്കാനും ചിത്രങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ഒപ്പിയെടുക്കാനുമുള്ള കണ്ടുപിടിത്തങ്ങളിലൂടെ പുരസ്‌കാരം പങ്കുവെച്ച ചാള്‍സ്‌ കയോ, വിലാര്‍ഡ്‌ ബോയ്‌ല്‍, ജോര്‍ജ്‌ സ്‌മിത്ത്‌ എന്നിവരെ 'പ്രകാശത്തിന്റെ അധിപന്‍മാരെ'ന്നാണ്‌ നൊബേല്‍ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്‌.

ചെമ്പുകമ്പി ഉപയോഗിച്ചുള്ള ടെലിഫോണിനെയും ഇഴഞ്ഞുനീങ്ങുന്ന തപാലിനെയും പിന്തള്ളി പ്രകാശവേഗത്തില്‍ വിവരവിനിമയം സാധ്യമാക്കിയ ഒപ്‌റ്റിക്കല്‍ ഫൈബറിന്റെ കണ്ടുപിടിത്തത്തിനാണ്‌ ഹോങ്കോങ്ങില്‍ താമസിക്കുന്ന ചാള്‍സ്‌ കയോ പുരസ്‌കാരം പങ്കുവെച്ചത്‌. നേരിയ ചില്ലുനാരുകളിലൂടെ പ്രകാശ സ്‌പന്ദനങ്ങളായി വിവരങ്ങള്‍ അയയ്‌ക്കാമെന്ന്‌ 1966ലാണ്‌ കയോ കണ്ടെത്തിയത്‌. അമേരിക്കയിലും ബ്രിട്ടനിലും പൗരത്വമുള്ള കയോ 75-ാം വയസ്സില്‍ നൊബേലിന്‌ അര്‍ഹനാവുമ്പോള്‍ അദ്ദേഹത്തിന്റെ ഒപ്‌റ്റിക്കല്‍ ഫൈബര്‍ ലോകം മുഴുവന്‍ വ്യാപിച്ചുകഴിഞ്ഞു. ഇന്നുള്ള ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഇഴ കീറി നീട്ടിവെച്ചാല്‍ ഭൂമിയെ 25,000 തവണ ചുറ്റാനുള്ള നീളമുണ്ടാകും.

ചിത്രങ്ങള്‍ ഫിലിമില്‍ പകര്‍ത്തുന്നതിനു പകരം വൈദ്യുത തരംഗങ്ങളാക്കി രേഖപ്പെടുത്തുന്നതിനുള്ള ചാര്‍ജ്‌ കപ്‌ള്‍ഡ്‌ ഡിവൈസ്‌ (സി.സി.ഡി) ബോയ്‌ലും സ്‌മിത്തും ചേര്‍ന്ന്‌ 1969ലാണ്‌ കണ്ടെത്തുന്നത്‌. ഡിജിറ്റല്‍ ക്യാമറകളുടെയും പല വൈദ്യശാസ്‌ത്ര പരിശോധനാ ഉപകരണങ്ങളുടെയും ഇലക്‌ട്രോണിക്‌ കണ്ണാണ്‌ ഇന്നു സര്‍വവ്യാപിയായ സി.സി.ഡി. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റൈന്റെ പ്രകാശ വൈദ്യുത പ്രഭാവം ഉപയോഗപ്പെടുത്തിയാണ്‌ കാനഡയിലും അമേരിക്കയിലും പൗരത്വമുള്ള ബോയ്‌ലും അമേരിക്കന്‍ പൗരനായ സ്‌മിത്തും ഈ അര്‍ധചാലക സര്‍ക്യൂട്ട്‌ വികസിപ്പിച്ചത്‌. സി.സി.ഡി.യെക്കാള്‍ ശേഷിയുള്ള സി.എം.ഒ.എസ്‌. സെന്‍സറുകള്‍ രംഗത്ത്‌ വന്നെങ്കിലും തങ്ങളുടെ കണ്ടുപിടിത്തം സാധാരണക്കാരന്റെ ക്യാമറയില്‍ മുതല്‍ ചൊവ്വാ പര്യവേക്ഷണ പേടകത്തില്‍ വരെ ഇടംപിടിക്കുന്നത്‌ കാണാന്‍ 85കാരനായ ബോയ്‌ലിനും 79കാരനായ സ്‌മിത്തിനും ഭാഗ്യമുണ്ടായി.

Comments