ഒബാമയ്ക്ക് നൊബേല്‍


ഓസ്‌ലോ: ലോകജനതയ്ക്ക് പ്രതീക്ഷാനിര്‍ഭരമായ ഭാവി വാഗ്ദാനം ചെയ്ത അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ഈ വര്‍ഷത്തെ സമാധാന നൊബേല്‍. നയതന്ത്രമികവും അന്താരാഷ്ട്രസഹകരണം ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. അധികാരത്തിലേറി ഒമ്പതു മാസം മാത്രം പിന്നിട്ട ഒബാമയ്ക്ക് നിര്‍ണായകനടപടികളൊന്നും കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ പുരസ്‌കാരം നേരത്തേയായിപ്പോയെന്ന് വിമര്‍ശനവുമുയരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നല്ല തുടക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതുവഴി തങ്ങള്‍ ചെയ്തതെന്നാണ് നൊബേല്‍ പുരസ്‌കാരസമിതിയുടെ വിശദീകരണം. ആണവനിരായുധീകരണത്തിനും ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഒബാമ നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച സമിതി കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളെ നേരിടുന്നതില്‍ അമേരിക്ക ഇപ്പോള്‍ നടത്തുന്ന സൃഷ്ടിപരമായ ഇടപെടലുകള്‍ക്ക് നന്ദി പറഞ്ഞു. ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്രസംഘടനകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതിനായി ഒബാമ നടത്തുന്ന ശ്രമങ്ങളും നൊബേല്‍ സമിതി എടുത്തുകാട്ടി.


അമേരിക്കയുടെ ആദ്യ 'കറുത്ത' പ്രസിഡന്റായി ചരിത്രത്തിലിടംപിടിച്ച ഒബാമയ്ക്കുവേണ്ടി നൊബേല്‍ പുരസ്‌കാരസമിതിക്ക് മുന്നില്‍ റെക്കോഡ് നാമനിര്‍ദേശങ്ങളാണ് ലഭിച്ചതെന്നാണ് വിവരം. ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തക റെബിയ കാദിര്‍, സിംബാബ്‌വെ പ്രധാനമന്ത്രി മോര്‍ഗന്‍ സങ്കറായ് തുടങ്ങിയവര്‍ ഒബാമയ്‌ക്കൊപ്പം സമ്മാനത്തിന് പരിഗണിക്കപ്പെട്ടിരുന്നെന്നു വാര്‍ത്തയുണ്ട്.

ഒബാമയ്ക്കുള്ള പുരസ്‌കാരം പരക്കെ സ്വാഗതം ചെയ്യപ്പെട്ടുവെങ്കിലും അഫ്ഗാനിസ്താനിലെ യുദ്ധനീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ യു.എസ്. ഭരണകൂടം തീരുമാനമെടുത്തതിന് പിന്നാലെയുള്ള അംഗീകാരത്തിനെതിരെ പല കോണുകളില്‍നിന്നും വിമര്‍ശനങ്ങളുമുയരുന്നുണ്ട്. സമാധാനപ്രസംഗങ്ങള്‍ നടത്തുന്നുണ്ടെന്നല്ലാതെ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞിട്ടില്ല. ചെയ്ത കാര്യങ്ങളല്ല, ചെയ്യാന്‍ പോകുന്ന കാര്യങ്ങളാണ് ഈ പുരസ്‌കാരത്തിലൂടെ അംഗീകരിക്കപ്പെട്ടതെന്നാണ് വിലയിരുത്തല്‍.

സമാധാന നൊബേല്‍ ലഭിക്കുന്ന നാലാമത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ഒബാമ; പദവിയിലിരിക്കെ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയും. തിയോഡര്‍ റൂസ്‌വെല്‍റ്റ് (1906), വുഡ്രോ വില്‍സണ്‍ (1919), ജിമ്മി കാര്‍ട്ടര്‍ (2002) എന്നിവരാണ് നേരത്തേ പുരസ്‌കാരം നേടിയ അമേരിക്കന്‍ പ്രസിഡന്റുമാര്‍. 2007ലെ പുരസ്‌കാരം മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് അല്‍ഗോറും ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചും പങ്കിടുകയാണുണ്ടായത്. 2008ലെ പുരസ്‌കാരം ഫിന്‍ലന്‍ഡ് മുന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ അഹ്ദിസാരി നേടി.

ഒരു കോടി സ്വീഡിഷ് ക്രോണ(6.72 കോടി രൂപ)റും സ്വര്‍ണമെഡലുമാണ് പുരസ്‌കാരം. ഡിസംബര്‍ 10ന് ഓസ്‌ലോയില്‍ വെച്ച് ബരാക് ഒബാമ പുരസ്‌കാരം ഏറ്റുവാങ്ങും. മറ്റ് നൊബേല്‍ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സ്വീഡിഷ് സയന്‍സ് അക്കാദമിയാണെങ്കില്‍ സമാധാന നൊബേല്‍ നോര്‍വേ സര്‍ക്കാറാണ് നല്‍കുന്നത്. 96 വ്യക്തികളും 20 സംഘടനകളുമാണ് ഇതുവരെ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്.

Comments