ഐക്യരാഷ്ട്ര സംഘടന

Share it:
ലോകത്തിന്റെ കണ്ണാടിയാണ് ഐക്യരാഷ്ട്ര സംഘടന്. അവിടവിടെയായി ചില പോറലുകളും പൊട്ടിലുകളുമുണ്ടെങ്കിലും ലോകം ഇന്നും ഈ കണ്ണാടിയിൽ മുഖം നോക്കുന്നു. 193 അംഗരാജ്യങ്ങളെയും അവരവരുടെ നന്മതിന്മകൾ പ്രതിഫലിപ്പിച്ചു കാണിച്ച്, അവയെ എല്ലാം ഒരു കുടക്കീഴിലാക്കി ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു കൊണ്ടുപോകുന്നു. 
സമാധാനത്തിനു വേണ്ടി ലോകം കൊതിച്ചുപോയപ്പോഴാണ് ഈ കൂട്ടായ്മ രൂപമെടുക്കുന്നത്. രണ്ടാം ലോകമഹായുദ്ധം തുടങ്ങി രണ്ടു വർഷം പിന്നിട്ടപ്പോൾ തന്നെ സഖ്യകക്ഷികളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ അമേരിക്കൻ പ്രസിഡന്റ്ഫ്രാങ്ക്‌ളിൻ.ഡി.റൂസ്‌വെൽറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസൻ ചർച്ചിലും തുടങ്ങിക്കഴിഞ്ഞിരുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി അച്ചുതണ്ടുശക്തികൾക്കെതിരെ ഒന്നിച്ചുനിന്നു പോരാടാനുള്ള തീരുമാനം 26 രാഷ്ട്രങ്ങൾ ചേർന്നെടുത്തു. ആ രാജ്യങ്ങളുടെ തലവൻമാർ ചേർന്ന് 1942 ജനുവരി ഒന്നിന് വാഷിങ്ടണിൽ ഒരു ഐക്യരാഷ്ട്ര പ്രമാണവും ഒപ്പു വച്ചു.  റൂസ്‌വെൽറ്റ് തന്നെ പുതിയ കൂട്ടായ്മയ്ക്ക് പേരു നിർദേശിച്ചു. ഐക്യരാഷ്ട്ര സംഘടന.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടെ യുദ്ധമില്ലാത്ത ലോകത്തിനു വേണ്ടി കൂടുതൽ രാഷ്ട്രങ്ങൾ അണിചേരുന്ന ഒരു സംഘടന വേണമെന്ന വാദം ശക്തമായി. 1945 ൽ 46 രാജ്യങ്ങളുടെ പ്രതിനിധികൾ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ ഒത്തുകൂടി. ഇവർ ചേർന്ന് യു.എൻ. ചാർട്ടറിനു രൂപം കൊടുത്തു. പിന്നീട് ആറു രാഷ്ടങ്ങൾ കൂടി ചേർന്നു.

1945 ജൂൺ 26 ന് 50 രാജ്യങ്ങൾ ചാർട്ടറിൽ ഒപ്പുവച്ചു. 1945 ഒക്ടോബർ 24ന് ചാർട്ടർ നിലവിൽ വന്നതോടെ ഇന്നത്തെ ഐക്യരാഷ്ട്ര സംഘടന ജന്മമെടുത്തു. പോളണ്ട് കൂടി ഒപ്പിട്ടതോടെ സ്ഥാപകാംഗങ്ങൾ 51 ആയി. 1945 ഒക്ടോബർ 30 ന് ചേർന്ന ഇന്ത്യയും യു.എൻ. സ്ഥാപകാംഗമായി അറിയപ്പെടുന്നു. 

കോടീശ്വരനായി ജോൺ.ഡി.റോക്ക്ഫെല്ലർ ന്യൂയോർക്കിൽ നല്കിയ 17 ഏക്കർ സ്ഥലത്താണ് യു.എൻ. ആസ്ഥാനം സ്ഥാപിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിലെ സഖ്യശക്തികളാണ് യു.എന്നിലെ സ്ഥിരാംഗങ്ങളായത്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (തുടക്കത്തിൽ റിപ്പബ്ലിക് ഓഫ് ചൈന), അമേരിക്ക, ഫാൻസ്, റഷ്യ (തുടക്കത്തിൽ സോവിയറ്റ് യൂണിയൻ) ബ്രിട്ടൻ. സ്ഥിരാംഗങ്ങളുടെ പട്ടിക പിന്നീട് വിപുലീകരിച്ചിട്ടില്ല. ഇന്ത്യ, ബ്രസീൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ സ്ഥിരാംഗങ്ങളാകാനുള്ള പരിശ്രമത്തിലാണിപ്പോൾ. ഐക്യരാഷ്ട്ര സംഘടനയുടെ പ്രഥമ യോഗം നടന്നത് 1946 ൽ ലണ്ടനിൽ വച്ചായിരുന്നു. 

ഐക്യരാഷ്ട്ര സംഘടനയുടെ പതാകയ്ക്കു നീല നിറമാണ്. പതാകയുടെ നടുവിൽ വെള്ള നിറത്തിൽ യു.എൻ.ചിഹ്നം. സമാധാനത്തിന്റെ പ്രതീകമായ രണ്ട് ഒലീവ് ചില്ലകൾക്കിടയിൽ ലോകരാഷ്ട്രങ്ങളുടെ ഭൂപടം. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് യു.എന്നിന്റെ ഔദ്യോഗിക ഭാഷകൾ. എന്നാൽ നൂറ്റൻപതിലേറെ ഭാഷകൾ ഇവിടെ ഉപയോഗിക്കപ്പെടുന്നുണ്ട്. മലയാളഭാഷയും ഒരിക്കൽ യു.എന്നിൽ മുഴങ്ങി. മാതാ അമൃതാനന്ദമയി മലയാളത്തിലാണ്  യു.എന്നിനെ അഭിസംബോധന ചെയ്തത്. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയി ഒരിക്കൽ ഹിന്ദിയിലും യു.എന്നിൽ പ്രസംഗിച്ചു. ഐക്യരാഷ്ട്ര സംഘടനയിൽ അംഗങ്ങളല്ലാത്ത ചില പ്രമുഖ രാജ്യങ്ങളുണ്ട്. വത്തിക്കാൻ, പലസ്തീൻ,തായ്‌വാൻ എന്നിവയാണവ, വത്തിക്കാന് അംഗത്വം നിഷേധിക്കപ്പെട്ടുവെങ്കിലും നിരീക്ഷണ രാജ്യമെന്ന പട്ടികയിൽ ഉൾപ്പെടുത്തി ഒരു സ്ഥാനം അവർക്കു കൊടുത്തിട്ടുണ്ട്, പലസ്തീൻ ഒരു ഔദ്യോഗിക രാജ്യമായി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. തായ്‌വാനെ യു.എൻ. അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.

പ്രധാമായും നാല് ലക്ഷ്യങ്ങളായിരുന്നു ഐക്യരാഷ്ട്ര സംഘടനയ്ക്ക് അതിന്റെ രുപീകരണ സമയത്ത്  ഉണ്ടായിരുന്നത്. 
1. യുദ്ധത്തിൽ നിന്ന് മനുഷ്യവംശത്തെ സംരക്ഷിക്കുക.
2. സ്ത്രീയെന്നോ പുരുഷനെന്നോ വലിയ രാഷ്ട്രമെന്നോ ചെറിയ രാഷ്‌ട്രമെന്നോ ഉള്ള വിവേചനങ്ങൾ ഇല്ലാതാക്കി ഏവർക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കുക.
3. സാമൂഹിക നീതിയെയും രാജ്യാന്തര നിയമങ്ങളെയും പിന്തുണയ്‌ക്കുക.
4. സാമൂഹിക പുരോഗതിയും ജീവിതനിലവാരവും ഉയർത്തുന്നതിന് വേണ്ടി നില കൊള്ളുക.
ഈ നാലു ലക്ഷ്യങ്ങളും പൂർണ്ണമായി നടപ്പിലാക്കുന്നതിന് ഐക്യരാഷ്‌ട്ര സംഘടനയ്ക്ക് സാധിച്ചു എന്ന് പറയാനാവില്ല. പക്ഷേ, പരസ്‌പരം പോരടിക്കുന്ന രാജ്യങ്ങളുടെ തലവന്മാരെ ഒന്നിച്ചിരുത്തി ചർച്ച ചെയ്യുവാനുള്ള ഒരു വേദിയെന്ന നിലയിൽ വൻയുദ്ധങ്ങളെ ഒഴിവാക്കാനും ചിലതിനെയൊക്കെ നിയന്ത്രിക്കാനും കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.

ചെറുകിട രാജ്യങ്ങൾക്കു പോലും അവരുടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയാനും അമേരിക്കയെപ്പോലുള്ള വൻശക്തികളെ വിമർശിക്കുവാനും ഇവിടെ സാധിക്കുന്നു. ജനറൽ അസംബ്ലിയിൽ (പൊതുസഭ) ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾ പലപ്പോഴും ഉയർത്തൊക്കൊണ്ടുവരുന്നത് ഇത്തരം ചെറുകിട രാജ്യങ്ങൾക്കായിരിക്കും. 
മഹത്തായ ഈ സംഘടനയ്‌ക്ക് ആറു പ്രധാന ഘടകങ്ങളാണ് ഉള്ളത്.
1. പൊതുസഭ 
2. രക്ഷാസമിതി
3. സാമ്പത്തിക സാമൂഹിക സമിതി
4. ട്രസ്റ്റീഷിപ്പ് കൗൺസിൽ 
5. സെക്രട്ടേറിയറ്റ് 
പൊതുസഭ (General Assembly)
ഐക്യരാഷ്‌ട്ര സംഘടനയുടെ ഏറ്റവും പ്രധാന ഘടകം പൊതുസഭ അല്ലെങ്കിൽ ജനറൽ അസ്സംബ്ലിയാണ്. അംഗരാഷ്ട്രങ്ങളിലെ പ്രതിനിധികൾ വിവിധ വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തുന്ന വേദിയാണ് ഇത്. വർഷത്തിലൊരിക്കലാണ് പൊതുസഭ ചേരുന്നത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയാണിത്. രക്ഷാസമിതിയുടെ നിർദേശമനുസരിച്ചു ചില അടിയന്തിര ഘട്ടങ്ങളിലും പൊതുസഭ ചേരാറുണ്ട്. ഓരോ രാജ്യങ്ങൾക്കും അഞ്ചു വീതം പ്രതിനിധികളെ വീതം ഇതിലോട്ട് അയയ്‌ക്കാം. പക്ഷേ, ഒരു രാജ്യത്തിന് ഒരു വോട്ട് മാത്രമേ ഉണ്ടാകൂ. അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾ പ്രമേയങ്ങളായി അവതരിപ്പിക്കപ്പെടും. പ്രമേയം പാസാവണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന് മാത്രം.
പൊതുസഭയിൽ ഏഴ് പ്രധാന സമിതികൾ വേറെയും ഉണ്ട്. 
1. നിരായുധീകരണവും രാജ്യാന്തര സുരക്ഷിതത്വവും 
2. സാമ്പത്തികം, ധനകാര്യം 
3. സാമൂഹികം, സാംസ്കാരികം, മനുഷ്യത്വപരം 
4. പ്രത്യേക രാഷ്ട്രീയം, കോളനി മോചനം 
5. ഭരണം, ബജറ്റ് 
6. ധനകാര്യം 
7. ഏകോപനത്തിനുള്ള ജനറൽ കമ്മറ്റി 
രക്ഷാസമിതി (Security Council)
അഞ്ചു സ്ഥിരാംഗങ്ങൾക്കു പുറമേ രണ്ടുവർഷം കൂടുമ്പോൾ തിരഞ്ഞെടുക്കുന്ന പത്ത് അംഗരാഷ്‌ട്രങ്ങൾ അടങ്ങുന്നതാണ് രക്ഷാസമിതി. അഞ്ചു സ്ഥിരാംഗങ്ങളുൾപ്പടെ ഒൻപതു രാജ്യങ്ങളുടെ വോട്ട് ഉണ്ടെങ്കിലേ രക്ഷാസമിതിയുടെ തീരുമാനം അംഗീകരിക്കപ്പെടുകയുള്ളൂ. വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങൾ എതിർത്തു വോട്ട് ചെയ്‌താൽ തീരുമാനം അംഗീകരിക്കപ്പെടില്ല. രക്ഷാസമിതിയുടെ കീഴിൽ ഒരു സൈന്യം തന്നെയുണ്ട്. യു.എൻ.സമാധാനസേന എന്ന് ഇതറിയപ്പെടുന്നു. അടിയന്തിര ഘട്ടങ്ങളിൽ സൈനിക നടപടിക്കും രക്ഷാസമിതിയ്‌ക്ക് അധികാരമുണ്ട്. മാത്രമല്ല, തങ്ങളുടെ നിർദ്ദേശം തള്ളിക്കളയുന്ന രാജ്യങ്ങൾക്കെതിരെ സാമ്പത്തികവും വാണിജ്യപരവുമായ ഉപരോധം പ്രഖ്യാപിക്കാനും അത് നടപ്പിലാക്കാനും രക്ഷാസമിതിയ്‌ക്ക് അധികാരമുണ്ട്. 
സാമ്പത്തിക സാമൂഹിക സമിതി (Economic and Social Council)
ഐക്യരാഷ്‌ട്ര സംഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ നടപ്പിലാക്കേണ്ട ചുമതല സാമ്പത്തിക സാമൂഹിക സമിതിയ്ക്കാണ് ഉള്ളത്. സാമ്പത്തികം, സാമൂഹികം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ രാജ്യാന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും മനുഷ്യാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമാണ് ഈ കൌൺസിൽ. World Health Organisation , UNESCO തുടങ്ങിയ യു.എൻ ഏജൻസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത് സാമ്പത്തിക സാമൂഹിക സമിതിയാണ്.
മൂന്ന് വർഷമാണ് ഈ സമിതിയുടെ കാലാവധി. 54 അംഗങ്ങളുണ്ട്. വർഷം തോറും മൂന്നിലൊന്ന് അംഗങ്ങൾ കാലാവധി ഒഴിഞ്ഞു പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കും. ഗതാഗത വാർത്താ കമ്മീഷൻ, സ്ഥിതിവിവരക്കണക്ക്  കമ്മീഷൻ, വാർത്താവിനിമയ  കമ്മീഷൻ, സാമൂഹിക  കമ്മീഷൻ, ജനസംഖ്യാ  കമ്മീഷൻ, മയക്കുമരുന്ന് വിരുദ്ധ  കമ്മീഷൻ, മനുഷ്യാവകാശ  കമ്മീഷൻ, സ്‌ത്രീസമത്വ  കമ്മീഷൻ, രാജ്യാന്തര വാണിജ്യ ചരക്കു  കമ്മീഷൻ എന്നിവ ഈ സമിതിയ്‌ക്ക് കീഴിൽ പ്രവർത്തിക്കുന്നു. 
ട്രസ്റ്റീഷിപ്പ് കൗൺസിൽ (Trusteeship Council)
അഞ്ചു സ്ഥിരാംഗങ്ങൾ അംഗമായ ട്രസ്റ്റീഷിപ്പ് കൗൺസിൽ പ്രധാനമായും പൂർണ്ണമായും സ്വയംഭരണം നേടിയിട്ടില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സമിതിയാണ്. അമേരിക്കൻ ഭരണത്തിന് കീഴിലായിരുന്ന പലാവു എന്ന രാജ്യം സ്വാതന്ത്ര്യം നേടിയതോടെ 1994 നവംബർ ഒന്നിന് ട്രസ്റ്റീഷിപ്പ് കൗൺസിലിന്റെ പ്രവർത്തനം നിർത്തിവച്ചു. കോളനി മോചനം പൂർത്തിയായി എന്നതിനാലാണിത്.
ലോക കോടതി (International Court of Justice)
നെതർലാൻഡ്‌സിലെ ഹേഗ് ആസ്ഥാനമായുള്ള ലോക കോടതി ന്യുയോർക്കിന് പുറത്ത് ആസ്ഥാനമായുള്ള ഏക യു.എൻ ഘടകമാണ്. പൊതുസഭയും രക്ഷാസമിതിയും ചേർന്ന് ഒൻപതു വർഷക്കാലയളവിലേയ്ക്ക് തിരഞ്ഞെടുക്കുന്ന 15 ജൻഡ്‌ജിമാർ അടങ്ങുന്നതാണ് ലോക കോടതി. ഒരു രാജ്യത്തിൽ നിന്ന് ഒന്നിൽക്കൂടുതൽ ജഡ്ജിമാർ ഉണ്ടാകില്ല. കോടതിയെ സമീപിക്കാൻ വ്യക്തികൾക്ക് കഴിയില്ല. രാജ്യങ്ങളാണ് പരാതിക്കാർ. ആസ്ഥാനം ഹേഗിലാണെങ്കിലും ഏത് രാജ്യം ആസ്ഥാനമാക്കിയും കോടതി വിചാരണ നടത്താൻ അധികാരമുണ്ട്. പൊതുവേ, ലോകകോടതിയുടെ വിധികൾ രാജ്യങ്ങൾ അംഗീകരിക്കാറുണ്ട്. പക്ഷേ, വിധി നടപ്പാക്കാനുള്ള അധികാരമോ സൗകര്യങ്ങളോ കോടതിയ്‌ക്കില്ല. ആർക്കെതിരെയാണോ വിധിക്കുന്നത്, ആ രാജ്യം അംഗീകരിക്കാതിരുന്നാൽ വിധി നടപ്പിലാക്കാനാവില്ല. എങ്കിലും ധാർമികമായ വിജയത്തിന് വേണ്ടി പല രാജ്യങ്ങളും കോടതിയെ സമീപിച്ചുകൊണ്ടിരിക്കും. 
സെക്രട്ടേറിയറ്റ് (Secratariat)
ഐക്യരാഷ്‌ട്ര സംഘടനയുടെ ദൈനംദിന ഭരണം നിർവഹിക്കുന്നത് സെക്രട്ടേറിയറ്റിലാണ്. യു.എൻ.സെക്രട്ടറി ജനറലാണ് മുഖ്യഭരണാധികാരി. ഇദ്ദേഹത്തെ സഹായിക്കാൻ 8900 ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലുണ്ട്. ഡെപ്യുട്ടി സെക്രട്ടറി ജനറൽ, അസിസ്റ്റന്റ് സെക്രട്ടറി ജനറൽ എന്നിവരുണ്ട്. 
Share it:

World Organisation

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper